ചരിത്രം തിരുത്തുക
ഗോൾക്കൊണ്ട ഭരിച്ചിരുന്നത് സുൽത്താൻ ഖിലി കുത്തബ് മുൽക് സ്ഥാപിച്ച കുത്തബ് ഷാഹി രാജവംശം ആയിരുന്നു. മുമ്പേ ബാഹ്മനി സുൽത്താനത്തിന്റെ ആശ്രിതാവസ്ഥയിലായിരുന്ന ഈ വംശം 1512-ൽ സ്വാതന്ത്ര്യം പ്രഖ്യപിക്കുകയായിരുന്നു. 1591-ലാണ് കുത്തബ് ഷാഹി രാജവംശത്തിലെ ഭരണകർത്താവായിരുന്ന മുഹമ്മദ് ഖിലി കുത്തബ് ഷാ, മൂസി നദിത്തടത്തിൽ ഹൈദരബാദ് നഗരം സ്ഥാപിക്കുന്നത്.[1] ഗോൾക്കൊണ്ടയിൽ നിന്നിങ്ങോട്ടുള്ള ഈ പുനരധിവാസത്തിന് പിന്നിലുള്ള കാരണം പഴയ ആസ്ഥാനത്തുണ്ടായിരുന്ന ജലക്ഷാമമത്രേ.[2] 1591-ൽ തന്നെ അദ്ദേഹം നഗരത്തിന്റെ പ്രതീകമായ ചാർമിനാർ എന്ന സ്മാരകത്തിന്റെ നിർമ്മാണത്തിന് ഉത്തരവിടുകയും ചെയ്തു. അക്കാലത്തുണ്ടായ ഒരു വലിയ പടരുന്ന മഹാമാരി തടഞ്ഞ ജഗദീശ്വരനോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിന്റെ ഈ സ്മാരകനിർമ്മാണത്തേ വിലയിരുത്തപ്പെടുന്നു.[3]